മിൽമ; വർധിപ്പിച്ച വില വ്യാഴാഴ്ചമുതൽ

0

തിരുവനന്തപുരം: മിൽമ പാലിന് വർധിപ്പിച്ച നാലുരൂപ വ്യാഴാഴ്ച പ്രാബല്യത്തിൽവരും. തിങ്കളാഴ്ച ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് തീരുമാനം. മഞ്ഞക്കവർ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വർധന.

പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽത്തന്നെ പാൽ വിതരണം ചെയ്യുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

വർധിപ്പിക്കുന്ന നാലു രൂപയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും,16 പൈസ ക്ഷീര സംഘങ്ങള്‍ക്കും, 32 പൈസ ഏജന്റുമാര്‍ക്കും നൽകും. 3 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും, 10 പൈസ മേഖലാ യൂണിറ്റുകള്‍ക്കും, 1 പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും, 3 പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷനു വേണ്ടിയും വിനിയോഗിക്കുമെന്നും ചെയർമാൻ അറിയിച്ചു.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണൽ പ്രോജക്ട് ഫോർ ഡെയറി ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമയ്ക്ക് അനുവദിച്ച എട്ടുകോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഡെയറിയിൽ സ്ഥാപിക്കും. 11 ഡെയറികളിൽ 85 ലക്ഷംരൂപ വിലവരുന്ന മിൽകോ സ്‌കാനറുകളും സ്ഥാപിക്കും.

2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്. നിരക്കുവർധന ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ധർ അടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണം.