ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍

0

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.

ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.

കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.