മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു

0


തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുഖ്യമ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്നാണ്‌ സൂചന. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നളിനി നെറ്റോ രാജി സമര്‍പ്പിക്കുകയായിരുന്നു.

പ്രധാനപ്പെട്ട ഫയലുകൾ കാണിക്കാത്തതും രാജിക്ക് കാരണമായെന്നു സൂചനകളുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നല്‍കിയ വിശദീകരണം. പൊളിറ്റിക്കല്‍ സെക്രട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി അ​ഭി​പ്രാ​യ​ വ്യ​ത്യാ​സം ഉണ്ടായതിനെത്തുടർന്നും, പ്രധാനപ്പെട്ട ഫയലുകൾ നളിനി നെറ്റോയെ കാണിക്കാത്തതും രാജി വയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിവരം.

1981 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ന​ളി​നി നെ​റ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ശേഷമാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാനം ഏറ്റെടുത്തത്. ഒ​മ്പ​തുവ​ര്‍​ഷം സം​സ്ഥാ​ന​ത്തെ മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റായും പ്രവർത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി പുതുതായി ഉണ്ടാക്കി നിയമിക്കുകയായിരുന്നു.