കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പരാതിയുമായി വിദ്യാര്‍ത്ഥിനി

0

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് പരാതി. കൊല്ലം ആയൂരില്‍ പരീക്ഷ എഴുതിയവര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കൊട്ടരക്കര ഡിവൈഎസ്പിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി. ഇന്നലെയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്.

ഓയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലാണ് സംഭവം. പരീക്ഷ എഴുതാനെത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമെ അകത്തകയറാന്‍ അനുവദിച്ചുളളുവെന്നാണ് പരീക്ഷാര്‍ഥികള്‍ പറയുന്നത്. ഇതില്‍ ഒരുവിദ്യാര്‍ഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു.അതേസമയം മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.