കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ്

0

രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ പട്ടിക.ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്. കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് അറിയിച്ചു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി.

എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ഒപ്പം സാമുദായിക പരിഗണയും വീണക്ക് തുണയായി. എം. കെ ഹേമചന്ദ്രനും അഡ്വ. ആർ രാമചന്ദൻ നയർക്കും ശേഷം ആറന്മുളയിൽ നിന്നുള്ള മന്ത്രിയാവുകയാണ് വീണാ ജോർജ്. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വീണ
നൃത്തം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു. മാധ്യമ പഠനമില്ലാതെ മാധ്യമപ്രവർത്തനത്തിൽ തിളങ്ങി. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത. ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. അന്നയും ജോസഫും മക്കൾ.