വാദ്യശ്രീപതി പനങ്ങാട്ടിരി മോഹനന്‍ മാരാര്‍ സിംഗപ്പൂര്‍ പൂരത്തില്‍…

0

കേരളത്തിന്‍റെ തനതു വാദ്യകലാസംസ്കാരത്തിന് വള്ളുവനാട് ദേശം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌. തായമ്പകയുടെയും പഞ്ചവാദ്യത്തിന്‍റെയും കര്‍ണ്ണമധുരമായ താളവിന്യാസങ്ങള്‍ തീര്‍ത്ത പ്രതിഭാശാലികള്‍ വള്ളുവനാടില്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവരില്‍ പ്രധാനികളായിരുന്നു, കച്ചാംകുറിശ്ശി ചക്രപാണി മാരാര്‍, ഈച്ചര മാരാര്‍, കണ്ണന്‍ മാരാര്‍ എന്നിവര്‍.

വള്ളുവനാടിന്റെ വാദ്യപ്പെരുമയുടെ പുതിയ അമരക്കാരില്‍ പ്രമുഖനാണ് പനങ്ങാട്ടിരി മോഹനന്‍ മാരാര്‍. മേളത്തിലും, പഞ്ചവാദ്യത്തിലും തായമ്പകയിലും ഒരുപോലെ വൈദഗ്ധ്യം തെളിയിച്ച കലാകാരനാണ് മോഹനന്‍ മാരാര്‍.  പഞ്ചവാദ്യത്തിലെ തിമിലവാദനത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന അദ്ദേഹം തന്‍റെ സ്വതസിദ്ധവും വൈവിധ്യം നിറഞ്ഞതുമായ മനോധര്‍മ്മതിലൂടെ മേളാസ്വാദകര്‍ക്ക് നവ്യാനുഭൂതികള്‍ സമ്മാനിക്കുന്നു.

പാലക്കാട് ജില്ലയിലെ പനങ്ങാട്ടിരിയില്‍ 1967 ല്‍ കൃഷ്ണന്‍കുട്ടി-ലക്ഷ്മി ദമ്പതികളുടെ മകനായി ജനനം. കച്ചാംകുറിശ്ശി ഈശ്വരന്‍ മാരാരുടെ ശിക്ഷണത്തില്‍ തന്‍റെ പത്താം വയസ്സില്‍ മോഹനന്‍ മാരാര്‍ വാദ്യകലയില്‍ ഹരിശ്രീ കുറിച്ചു. പ്രശസ്തമായ തൃശൂര്‍ പൂരം, കൊല്ലങ്കോട് ആറാട്ട്, നെന്മാറ-വല്ലങ്ങി ഉത്സവം എന്നീ മേളവേദികളില്‍ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. നാലു പതിറ്റാണ്ടുകള്‍ നീണ്ട വാദനസപര്യയ്ക്കുള്ള അംഗീകാരമായി അദ്ദേഹത്തെ “വാദ്യ ശ്രീപതി” പട്ടം നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ, ഉത്രാടം തിരുനാള്‍ മഹാരാജാവില്‍ നിന്ന് 2013ല്‍ “മംഗള പത്രവും” ലഭിച്ചിട്ടുണ്ട്.  

സിംഗപ്പൂര്‍ പൂരത്തില്‍ പഞ്ചവാദ്യത്തിന്‍റെ നേതൃത്വം വഹിക്കുന്ന പനങ്ങാട്ടിരി മോഹനന്‍ മാരാരും സംഘവും ഒരുക്കുന്ന മഹത്തായ ദ്രിശ്യ-ശ്രവ്യ വിരുന്നിനായി മേളാസ്വാദകര്‍ കാത്തിരിക്കുന്നു.  സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ പത്തുമണിക്ക് പുന്ഗോള്‍ സോഷ്യല്‍ ഇന്നൊവേഷന്‍ പാര്‍ക്ക്‌ (SIP) ഗ്രൗണ്ടില്‍ “സിംഗപ്പൂര്‍ പൂരം” അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.singaporepooram.com/