പ്രിയപ്പെട്ട കൂട്ടുകാർക്ക് യാത്രാമൊഴിയേകി സഹപാഠികൾ; വിങ്ങിപ്പൊട്ടി നാട്

0

കൊച്ചി: പാലക്കാട് വടക്കഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർഥികൾക്കും അധ്യാപകനും നാടിന്‍റെ അന്ത്യാഞ്ജലി. അഞ്ച് വിദ്യാർഥികളുടെയും പ്രിയപ്പെട്ട അധ്യാപകന്‍റെയും വേര്‍പാടിന്‍റെ വേദനയിലാണ് ആ നാട്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലേക്ക് നിറകണ്ണുകളുമായാണ് പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലാൻ സഹപാഠികളും, അധ്യാപകരും ബന്ധുക്കളും നാട്ടുകാരുമെല്ലാംമെത്തിയത്. സ്‍കൂളിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.

രണ്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം നാലുമണിയോടെ മ്യതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.50 ന് ബസ് പുറപ്പെടും മുമ്പേ തന്നെ ക്ഷീണിതനായി കാണപ്പെട്ട ഡ്രൈവറോട് ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞ് വിട്ടതാണ്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ടേ ഉള്ളെന്നാണ് ഡ്രൈവർ മറുപടി നൽകിയത്. ഈ യാത്രയാണ് 9 പേരുടെ മരണത്തിൽ കലാശിച്ച ദുരന്ത യാത്രയായി മാറിയത്.

അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട ബസ് ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോനെ കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ചവറ പൊലീസ് പിടികൂടി. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ജോമോൻ സഞ്ചരിച്ച കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് സഹസികമായാണ് ഇയാളെ പിടികൂടിയത്. ജോമോനോടൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോമോന്‍റെ കാറിന് തൊട്ടു പിന്നാലെ വടക്കഞ്ചേരി പൊലീസും പിന്തുടരുന്നുണ്ടായിരുന്നു. ബസ് ഉടമ അരുൺ, ബസ് മാനേജർ ജസ്‍വിൻ എന്നിവരെ എറണാകുളത്തു നിന്ന് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് വടക്കഞ്ചേരി പൊലീസ് ജോമോനെ പിന്തുടർന്നത്. മൂന്നു പേരെയും ചവറയിൽ നിന്ന് പൊലീസ് വടക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി.