അഫ്ഗാനില്‍ ഇനി താലിബാന്‍; അഷ്‌റഫ് ഗനി രാജ്യം വിട്ടു

1

താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ സഹായത്തോടെയാണ് അഷ്‌റഫ് ഗനി കാബുള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ബറാദര്‍ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്.

സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ പ്രതികരിച്ചത്. ആക്രമണത്തിനില്ലെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. കാബൂളിലേക്ക് താലിബാന്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഗാനി പ്രത്യേക യുഎസ് പ്രതിനിധി സല്‍മയ് ഖലീല്‍സാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രമും താലിബാന്‍ ഇതിനിടയില്‍ പിടിച്ചടക്കിയിരുന്നു.

മുന്‍പ് അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ബഗ്രം എയര്‍ബേസ്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ ഇവിടം അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. രാജ്യത്തെ പ്രധാന തടവു കേന്ദ്രങ്ങളിലൊന്നും ബഗ്രമിലാണുള്ളത്.