കായിക മാമാങ്കത്തിന് തുടക്കമായി: ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു

0

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് തുടക്കമായി. ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും പി.വി.സിന്ധുവും ഗഗന്‍ നാരംഗും മീരാബായി ചാനുവും കേരളത്തിന്റെ സ്വന്തം അഞ്ജു ബോബി ജോര്‍ജും പങ്കെടുത്തു. ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം സാവജ് എന്ന സിംഹത്തെ സ്ഥാപിച്ച രഥസമാനമായ വാഹനത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. തുടര്‍ന്ന് കായികതാരങ്ങള്‍ കൈമാറിയ ദീപശിഖയില്‍ നിന്ന് നരേന്ദ്രമോദി ഗെയിംസ് ദീപത്തിന് വെളിച്ചം പകര്‍ന്നു.

ലോകോത്തരമായ അടിസ്ഥാനസൗകര്യങ്ങളാണ് കായികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കായികതാരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന പ്രധാനമന്ത്രി ദേശീയ ഗെയിംസ് വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് കുതിച്ചുച്ചാട്ടത്തിനുള്ള വേദിയാവട്ടെയെന്നും പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ഇത്രയും യുവതാരങ്ങളെ പങ്കെടുപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്താനാവുന്നത് ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലെക്സില്‍ ഫുട്ബോള്‍, ഹോക്കി, ബാസ്കറ്റ് ബോള്‍, കബഡി, ബോക്സിംഗ്, ടെന്നീസ് മത്സരങ്ങള്‍ക്കുള്ള സജജീകരണങ്ങളുണ്ടെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗെയിംസിനായി ഗുജറാത്തിലെത്തിയ കായിക താരങ്ങള്‍ ഇവിടുത്തെ നവരാത്രി ഉത്സവങ്ങളും ആസ്വദിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.