ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു’, ഹൈക്കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി

0

ദില്ലി: ദില്ലിയിലെ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ മറുപടി നൽകി രാഹുൽ ഗാന്ധി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ദില്ലി പൊലീസെടുത്ത കേസിലാണ് രാഹുൽ, ഹൈക്കോടതിയിൽ മറുപടി നൽകിയത്. കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ട്വീറ്റ് പിന്നാലെ തന്നെ പിൻവലിച്ചിരുന്നെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ് രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിംഗ് അറോറയും കോടതിയെ അറിയിച്ചു.

സംഭവം ഇങ്ങനെ

2021 ൽ ദില്ലി കന്റോൺമെന്റ് ഏരിയയിൽ ബലാത്സംഗത്തിനിരയായി 9 വയസുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉയർന്ന ശക്തമായ ജനരോഷത്തിനിടെയാണ് രാഹുലും കുട്ടിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധി കുട്ടിയുടെ കുടുംബത്തെ നേരിട്ട് കാണുകയും അതിന് ശേഷം ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയാകുന്നവരുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ പാലിച്ചിരുന്നില്ല. ഇതാണ് രാഹുലിനെതിരെ ദില്ലി പൊലീസ് കേസെടുക്കാൻ കാരണമായത്. ദേശീയ ബാലാവകാശ കമ്മീഷൻ (എൻ സി പി സി ആർ) രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ 2021 സെപ്റ്റംബറിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. സംഭവത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകിയതോടെ കോടതിയുടെ തുടർ നടപടി എന്താകുമെന്ന് വൈകാതെ അറിയാം.