രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

0

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു.

ലോക്സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുൽ പാർലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയിൽ ആവേശവവും ഊർജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് ‘ഇന്ത്യാ സഖ്യ’വും ആഘോഷിച്ചത്.

രാഹുലിനെ അയോഗ്യനാക്കിയത് കോൺഗ്രസ് പാർലമെന്റി പാർട്ടിയുടെ പ്രവർത്തനത്തെയും ഏറെ ബാധിച്ചിരുന്നു. ഗുജറാത്ത് കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കുന്ന ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ദില്ലിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും നൽകി. വീട് ഒഴിഞ്ഞ രാഹുൽ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇനി രാഹുലിന് ഈ വസതി തിരികെ കിട്ടും.

2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.

വിചാരണ കോടതി ഉത്തരവിനെ വിമർശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായത്. അയോഗ്യ നീങ്ങിയതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം.