ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

0

പനാജി : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി മസാകാസു കാനെകോ ഒരുക്കിയ റിങ് വാന്‍ഡറിങ്ങ് എന്ന ജപ്പാനീസ് ചിത്രം. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചു കാട്ടിയ ചിത്രമായിരുന്നു റിങ് വാന്‍ഡറിങ്ങ്.

മികച്ച സംവിധായകനുള്ള രജതമയൂരം സേവിങ് വണ്‍ ഹു വാസ് ഡെഡ് എന്ന ചിത്രമൊരുക്കിയ വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക് ആണ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍, നടി, നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ച്ചത്.

ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.