നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

0

തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്കായി സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത തുകയാണ് 50 ലക്ഷം രൂപ. 1970 ഫെബ്രുവരി 18ന് ആണ് വർഗീസ് കൊല്ലപ്പെട്ടത്.

വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞതിനെ തുടർന്നു ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇതു സംബന്ധിച്ചു നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. തുടർന്നു സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണു സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചത്.

82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാനാണ് തീരുമാനം.