സൗദിയില്‍ വരുന്നൂ, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി

0

റിയാദ്: സൗദി അറേബ്യയില്‍ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദില്‍ യാഥാര്‍ത്ഥ്യമാകുന്ന പുതിയ വിമാനത്താവളത്തിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി. റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

കിങ് സല്‍മാന്‍ വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാകും. പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് അറിയപ്പെടും. ഇവയും പുതിയ വിമാനത്താവളത്തിന്റെ ഭാഗമാകും. ആറ് റണ്‍വേകളാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടാകുക.

12 ചതുരശ്ര കിലോമീറ്റര്‍ എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. 2030ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയില്‍ ജനസംഖ്യയുള്ള നഗരമാക്കി മാറ്റുക എന്ന സൗദിയുടെ വിഷന്‍ പദ്ധതിക്ക് അനുസരിച്ചാണ് വിമാനത്താവള പദ്ധതി. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ക്കും 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.

35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റത്തിനുള്ള ശേഷിയും വിമാനത്താവളത്തിനുണ്ടാകും. പ്രത്യക്ഷവും പരോക്ഷവുമായി 1,03,000 തൊഴിലവസരങ്ങള്‍ പുതിയ വിമാനത്താവളം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിമാനത്താവള പദ്ധതി പെട്രോളിതര ആഭ്യന്തരോല്‍പ്പാദനത്തിലേക്ക് പ്രതിവര്‍ഷം 27,000 കോടി റിയാല്‍ സംഭാവ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി റിയാദിലെ മാറ്റാനുള്ള സൗദിയുടെ പദ്ധതിക്ക് പുതിയ വിമാനത്താവളം കരുത്തേകും.