കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്

0

തിരുവനന്തപുരം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ജാതി വിവേചനമടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും അധികാരം ഒഴിയാതെ കടിച്ച് തൂങ്ങിയ ഡയറക്ടർ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവിൽ രാജിവച്ചത്. 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും നൽകിയതെന്ന് മനസിലാക്കിയാണ് സ്വയം ഒഴിയാൻ ശങ്കർ മോഹൻ നിർബന്ധിതനായത്.

എന്നാല്‍ രാജി പ്രഖ്യാപിച്ച ശേഷവും സ്വയം ന്യായീകരിക്കുകയായിരുന്നു ശങ്കർ മോഹൻ. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

ശങ്കർ മോഹന് പിന്നാലെ സ്ഥാപനത്തിന്‍റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവെക്കുെമെന്നാണ് സൂചന. എന്നാൽ അടൂരിനെ അനുനയിപ്പിക്കാനാണ് സർക്കാർ ശ്രമം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് അടുരാണെന്ന ആരോപണം ഉയർന്നിരുന്നു.