‘വിമാനം പറത്തുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ വേണ്ടി പോയതാണ്’; കോക്പിറ്റ് വിവാദത്തിൽ ഷൈൻ

0

തിരുവനന്തപുരം: നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. ഡിസംബര്‍ ആദ്യം ദുബായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റിൽ ആണ് ഷൈൻ ടോം ചാക്കോ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. താരത്തിനെ ഇറക്കിയശേഷം മുക്കാൽ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.

പിന്നീട് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ലെന്ന വാര്‍ത്ത പുറത്തുവന്നു. ഷൈൻ നൽകിയ വിശദീകരണവും പൈലറ്റിന്‍റെ നിലപാടുമാണ് രക്ഷയായത്. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം. അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണം നല്‍കുകയാണ് ഷൈന്‍. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ സംസാരിക്കവെയാണ് ഷൈന്‍ ഇതിന് ഉത്തരം നല്‍കിയത്. കോക്ക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയുണ്ട് എന്ന ചോദ്യത്തിനാണ് ഷൈന്‍ പ്രതികരിച്ചത്.

നിങ്ങള്‍ കാലകാലമായി കോക്ക്പിറ്റില്‍ കയറുന്നവരോടല്ലെ ഇത് ചോദിക്കേണ്ടത് എന്നാണ് ഷൈന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് വീണ്ടും ചോദ്യം വന്നപ്പോള്‍ ഷൈന്‍ പറഞ്ഞു. ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ല.

എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. അതേ സമയം കോക്ക്പിറ്റില്‍ കയറിയപ്പോള്‍ വിമാനം ഓടിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് കാര്‍ തന്നെ ഓടിക്കാന്‍ മടിയാണ് പിന്നെയല്ലെ ഫ്ലൈറ്റ് എന്ന് ഷൈന്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഇത് ഓടിക്കുന്നോയെന്ന് നോക്കണ്ടെ പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നത് എന്ന് ഷൈന്‍ പറയുന്നു.