ഇന്ന് ശിവരാത്രി; ഭക്തി സാന്ദ്രമായി ആലുവ മണപ്പുറം

1

അമ്പലങ്ങളും പരിസരങ്ങളുമെല്ലാം നമഃശിവായ മന്ത്രത്തിൽ മുഴുകിക്കഴിഞ്ഞു. ശിവക്ഷേത്രങ്ങളില്‍ വിശേഷാല്‍ പരിപാടികൾക്കും പ്രത്യേകപൂജകൾക്കും ഒരുക്കമായി.

ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാൻ പരമശിവനെ രക്ഷിക്കാൻ പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ ഓർമയുണർത്തുന്നതാണ് മഹാശിവരാത്രി.

സർവ്വ പാപ മുക്തിക്കുവേണ്ടിയും, ശിവപ്രീതിക്കും വേണ്ടിയാണ് ശിവരാത്രി വ്രതം എടുക്കുന്നതിന്റെ മറ്റൊരു വിശ്വാസം. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ അര്‍ധരാത്രിവരെ നീളും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതുമാണ് പ്രധാന ചടങ്ങുകള്‍.

പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. പത്ത് ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഭക്തര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളെല്ലാം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

പിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 178 ബലിത്തറകളാണ് ഇത്തവണ മണപ്പുറത്ത് ഉള്ളത്. നാളെ രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച പകല്‍ 12 മണി വരെയാണ് ബലിതര്‍പ്പണം ചടങ്ങുകള്‍ നടക്കുക.