നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി

0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി.സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റിയത്.

സുപ്രിം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ യ അഭിഭാഷകന്‍ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല.

ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം.ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങള്‍ വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ച് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.