സിനിമകൾ ചെയ്യും, മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് ഏറ്റവും പ്രതീക്ഷ നൽകുന്നതെന്ന് സുരേഷ് ഗോപി

0

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പുതിയ പുതിയ സിനിമകളെ പറ്റി മനസ് തുറന്ന് സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമകൾ തീർച്ചയായും ചെയ്യുമെന്നും അതിൽ നിന്നുണ്ടാക്കുന്ന പൈസയിൽ നിന്നും കുറച്ച് പാവങ്ങൾക്കും കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.

‘സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു.സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും’ എന്ന് സുരേഷ് ഗോപി പറഞ്ഞു.

മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഉണ്ടാകും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്.