ഹൃദയത്തിന് തൊട്ടുതാഴെ ഗ്രനേഡ്; സര്‍ജറിയിലൂടെ യുക്രൈന്‍ സൈനികന്‍ അത്ഭുതകരമായി രക്ഷപെട്ടു

0

വിജയകരമായ ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈനിയന്‍ സൈനികന്റെ നെഞ്ചില്‍ നിന്നും ഒരു ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന നിലയിലുള്ള ഗ്രനേഡ് സ്വന്തം ഹൃദയത്തിന് താഴെ പേറിയാണ് സൈനികന്‍ ആശുപത്രിയിലെത്തിയത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ സൈനിക ആശുപത്രിയില്‍ നടന്ന അത്യന്തം അപകടകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ സൈനികന്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

ഗ്രനേഡ് പൊട്ടാന്‍ സാധ്യത ഉണ്ടായിരുന്നതിനാല്‍ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഇലക്ട്രോ കോഗുലേഷന്‍ പോലും ഉപയോഗിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. സൈനിക ആശുപത്രിയിലെ വിദഗ്ധരുടെ സൂക്ഷ്മതയും കരുതലുമാണ് സൈനികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള അവിശ്വസനീയമായ ശസ്ത്രക്രിയയാണ് സൈനിക ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയതെന്ന് യുക്രൈന്‍ പ്രതിരോധമന്ത്രി ഹന്ന മാലിയാര്‍ പറഞ്ഞു. സൈനികന്റെ ശരീരത്തില്‍ നിന്ന് വിഒജി ഗ്രനേജ് വിജയകരമായി നീക്കം ചെയ്തുവെന്ന വാര്‍ത്ത മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. ആയുധം നിര്‍വീര്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.