സീരിയല്‍ നടി നാഗ ഝാൻസി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

1

ഹൈദരാബാദ്: ഹൈദരാബാദിൽ ടെലിവിഷൻ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് സിനിമ- സിരിയൽ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാൻസിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നടിയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് ഝാൻസി ഫ്ലാറ്റിൽ തനിച്ചായിരുന്നു. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയിൽനിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോൾ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്. ഝാൻസി വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ ദുർഗാ പ്രസാദ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ നടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ പ്രേഷകരുടെ ആരാധനാപാത്രമായി മാറിയ താരമാണ് ഝാൻസി.