എരുമേലിയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു

0

കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.