കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; പ്രാർഥനയോടെ നാട്

0

ചെന്നൈ: തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത്തിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.100 മീറ്റര്‍ ആഴത്തിൽ മൂന്ന് മീറ്റർ വ്യാസമുള്ള സമാന്തര കിണർ കുഴിച്ച് കുട്ടിയുടെ അടുത്തെത്താനാണ് ശ്രമം. അതേസമയം ഇന്നലെ പുലർച്ചെക്കു ശേഷം കുട്ടിയുടെ ചലനങ്ങൾ കാണാനാകാത്തത് രക്ഷാപ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നു.

കുഴല്‍ക്കിണറില്‍ വീണ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. കുഴൽക്കിണറിന് ഒരു മീറ്റർ അകലെ തുരങ്കം നിർമിക്കുകയാണ് ദുരന്ത നിവാരണ സേന. ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. 110 അടി താഴ്ചയിൽ വഴി തുരന്ന്, ദുരന്തനിവാരണ സേനയുടെ ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ പുറത്തേക്ക് എടുത്തു കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

ഇത് വിജയം കണ്ടില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വാക്വം സിസ്റ്റം ഉപയോഗിച്ച്, കുട്ടി കൂടുതൽ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറിനായി എടുത്ത കുഴിയില്‍ വീണത്. ആദ്യം 25 അടി താഴ്ചയിലേക്ക് പോയിരുന്നു.