ഒറ്റ ദിവസം, ആറ് ഭൂഖണ്ഡങ്ങളിലായി രക്തം ദാനം ചെയ്ത് ലോക റെക്കോര്‍ഡ്

0

ഒരു ദിവസം കൊണ്ട് മാത്രം ആറ് ഭൂഖണ്ഡങ്ങളിലായി ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഒരു ബ്രിട്ടീഷ് മുസ്ലീം ചാരിറ്റി പ്രവര്‍ത്തകര്‍. ആറ് ഭൂഖണ്ഡങ്ങളിലായി 50,000 രക്തദാതാക്കളെ അണിനിരത്താന്‍ ശ്രമിക്കുന്ന ‘ഹു ഈസ് ഹുസൈന്‍’ എന്നറിയപ്പെടുന്ന ചാരിറ്റിയാണ് ലോക റെക്കോര്‍ഡ് തകര്‍ത്തത്.

ന്യൂനപക്ഷ സമൂഹത്തിനിടയില്‍ രക്തദാനത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പിന്തുണയോടെ ഗ്ലോബല്‍ ബ്ലഡ് ഹീറോസ് എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ഈ നേട്ടം. ‘ഇമാം ഹുസൈന്‍ ബ്ലഡ് ഡൊണേഷന്‍ കാമ്പെയ്ന്‍’ എന്നറിയപ്പെടുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ മുസ്ലീം രക്തദാന സംഘടനയാണ് ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കാമ്പെയ്‌നിന്റെ ഭാഗമായി ബ്രിട്ടനിലുടനീളമുള്ള രക്തദാന കേന്ദ്രങ്ങളും അര്‍ജന്റീന, ഇറാഖ്, തായ്‌ലന്‍ഡ് എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളിലെ കേന്ദ്രങ്ങളും 37,000ത്തിലധികം ആളുകളില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് രക്തം ശേഖരിച്ചത്. ന്യൂസിലാന്റില്‍ നിന്ന് തുടങ്ങിയ ക്യാമ്പെയിന്‍ യുഎസില്‍ അവസാനിച്ചു.

കൊവിഡ് മഹാമാരിക്ക് ശേഷം ലോകം രക്തദാനത്തില്‍ ഏറെ ക്ഷാമം നേരിടുകയാണെന്നും ഈ സാഹചര്യത്തിലാണ് സന്നദ്ധപ്രവര്‍ത്തകരെ ഒന്നിപ്പിച്ചുകൊണ്ടുള്ള ഗ്ലോബല്‍ ബ്ലഡ് ഹീറോസ് ക്യാമ്പെയിന്‍ ആരംഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു.