വിവാഹപ്രായവും വിവാദവും

0

പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നു. ഒരു പെൺകുട്ടി ഏത് പ്രായത്തിലാണ് വിവാഹിതയാകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ആരാണ്? പെൺകുട്ടിയാണോ, അതോ രക്ഷിതാക്കളാണോ അല്ലെങ്കിൽ മതമേധാവികളാണോ ഭരണകൂടമാണോ എന്ന കാര്യത്തിലും ചിലതെല്ലാം ആലോചിക്കാനുണ്ട്. ഒരു പെൺകുട്ടി ജൈവശാസ്ത്രപരമായി മാതാവാകാൻ കഴിയുന്ന അവസ്ഥ, അതു തന്നെയായിരുന്നു പഴയ കാലങ്ങളിലെ വിവാഹപ്രായം’ എന്നാൽ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നെ പെൺകുട്ടികളെ കതിർ മണ്ഡപത്തിൽ കയറ്റുന്ന പതിവ് നമ്മുടെ ഭാരതത്തിൽ സാധാരണ സംഭവം തന്നെയായിരുന്നു.

മഹാത്മ ഗാന്ധിയുടെയും കസ്തൂർബയുടെയും വിവാഹം നടന്ന പ്രായവും നമുക്കറിയാവുന്നതാണ്. ഒരു ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന രാജ്യത്ത് ആ ഭരണ വ്യവസ്ഥ അനുശാസിക്കുന്ന വ്യക്തി നിയമം പാലിക്കാൻ പൗരന്മാർ ബാദ്ധ്യസ്ഥരാണെന്ന കാര്യത്തിൽ തർക്കമില്ല. അവിടെ മതത്തിൻ്റെ ശാസനകൾക്കോ തിട്ടൂരങ്ങൾക്കോ പ്രസക്തിയില്ല. രാജ്യത്തിൻ്റെ ആരോഗ്യവും സമ്പത്തും ആസൂത്രണവും തന്നെയായിരിക്കണം പ്രസക്തമായ വിഷയം. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാറിൻ്റെ പുതിയ തീരുമാനം ഉചിതവും സ്വാഗതാർഹവുമാണ്.

ഇതിനെതിരായി മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും മേലങ്കിയണിഞ്ഞ് വരുന്നവരെ കരുതിയിരിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ശൈശവവും ബാല്യവും വിവാഹത്തിൻ്റെ കയറ് കൊണ്ട് ബന്ധിച്ച് നശിപ്പിക്കാനുള്ളതല്ല. ശൈശവവും ബാല്യവും ആസ്വദിച്ച് അനുഭവിക്കാനുള്ളതാണ്.’ വിദ്യാലയത്തിൻ്റെ സ്വാതന്ത്ര്യത്തിന് പകരമാവില്ല മണിയറ എന്ന തടവറ.