കണ്ണൂരിലെ വീട്ടിലെത്തി പ്രിയ അധ്യാപികയെ കണ്ട് ഉപരാഷ്ട്രപതി; കൂടിക്കാഴ്ച 56 കൊല്ലത്തിനുശേഷം

0

കണ്ണൂര്‍: രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച അധ്യാപിക രത്‌ന നായരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കണ്ണൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്കെത്തിയത്. പത്‌നി സുദേഷ് ധന്‍കറും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണൂരില്‍ രത്‌ന നായരുടെ വീട്ടിലെത്തിയ ഉപരാഷ്ട്രപതി മുക്കാല്‍ മണിക്കൂറോളം അധ്യാപികയോടൊപ്പം ചെലവഴിച്ചു. 56 വര്‍ഷത്തിന് ശേഷം പ്രിയവിദ്യാര്‍ഥിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് രത്‌ന നായര്‍ പ്രതികരിച്ചു. പാനൂര്‍ ചമ്പാട് കാര്‍ഗില്‍ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തിലാണ് സൈനിക സ്‌കൂളില്‍നിന്ന് വിരമിച്ച രത്‌ന നായര്‍ താമസിക്കുന്നത്.

ഉപരാഷ്ട്രപതിയുടെ സ്റ്റാറ്റസിലുള്ള ഒരാള്‍ ചമ്പാട് പോലൊരു സ്ഥലത്ത് വരുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടാക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ എന്നായിരുന്നു രത്‌ന നായരുടെ പ്രതികരണം. തനിക്കുമാത്രമല്ല, ചമ്പാട്ടെ എല്ലാവര്‍ക്കും ഈ സന്ദര്‍ശനം അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠനത്തിലും പഠനേതരകാര്യങ്ങളിലും ഒന്നാമനായിരുന്നു ജഗ്ദീപ് ധന്‍കര്‍ എന്ന് രത്‌ന നായര്‍ ഓര്‍മിച്ചു. കുട്ടിക്കാലത്തെ മികവ് വളര്‍ന്നപ്പോഴും അദ്ദേഹം പുലര്‍ത്തിയെന്നും എല്ലാത്തിലും ഒന്നാമനായിരുന്ന ഉപരാഷ്ട്രപതി ഭാവിയില്‍ രാജ്യത്തെ പ്രഥമപൗരനായി മാറുമെന്നും രത്‌ന നായര്‍ പറഞ്ഞു.