‘നന്മയുടെ കൈകോർത്ത് കേരളം’: കുഞ്ഞു മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള 18 കോടിയും അക്കൗണ്ടിലെത്തി

0

ഒന്നരവയസുകാരൻ അനിയൻ ഒരിക്കലും തന്നെപ്പോലാവരുതെന്ന് അഫ്ര പറഞ്ഞത് കേരളം കേട്ടു… സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്.

പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജന്‍ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ്. എന്നാല്‍ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം.

‘എന്റെ കാര്യം നോക്കേണ്ട, അനിയനെ നോക്കണം. അവന് മരുന്ന് എത്തിക്കണം’ എന്ന സഹോദരി അഫ്രയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവളുടെ വിതുമ്പലോടെയുള്ള വാക്കുകളും അനിയനുവേണ്ടിയുള്ള അപേക്ഷയും മലയാളി ഹൃദയം കൊണ്ട് കേട്ടതിന് കേരളംകൊടുത്ത കരുതലിന്റെ മറുപടിയാണ് 7 ദിവസം കൊണ്ട് 18 കോടി അക്കൗണ്ടിലെത്തിയത്.

വാ‍ർത്ത വന്നു മണിക്കൂറുകൾക്കുള്ളിൽ ഫെഡറൽ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിൻ്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ. പത്ത് രൂപ മുതൽ പതിനായിരം വരെ അയച്ച് ആളുകൾ ദൗത്യത്തിനൊപ്പം ചേ‍ർന്നു. ഫെയ്‌സ്ബുക്കിലൂടേയും വാട്‌സാപ്പിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേരളത്തിന്റെ സഹായം വേണമെന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി രൂപ ഒഴുകിയെത്തി. ആദ്യ ദിവസം പിന്നിടുമ്പോള്‍ തന്നെ 14 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ചതന്നെ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കും.