ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ബയേണ്‍ മ്യൂണിക്

0

വെബ്ലി: നാട്ടുകാരായ  ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു തവണ കിരീടം നഷ്ടമായ ബയേണ്‍  ഇത്തവണ മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കവെ ആര്യന്‍ റോബൻ നേടിയ  ഗോളിലൂടെ,2-1 നാണ് കിരീടമണിഞ്ഞത്.

അറുപത്തിയെട്ടാം മിനുട്ടില്‍ മാന്‍സൂക്കിച്ചാണ് ബയേണിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് . ഡോട്ടമുണ്ടിനു വേണ്ടി പെനാലിറ്റിയിലൂടെ ഇല്‍ക്കേ ഗുണ്ടഗന്‍ ഗോള്‍ നേടി. തുടക്കത്തിൽ ബയേണ്‍ ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട് തുടർച്ചയായി ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്തിരുന്ന ഡോട്ട്മുണ്ടിന് ആദ്യ 30 മിനിട്ടില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഗോളി മാനുവല്‍ ന്യൂയറിന്റെ അവസരോചിതമായ മികച്ച പ്രകടനമാണ്  ബയേണിനെ രക്ഷിച്ചത്. എന്നാൽ  രണ്ടാം പകുതിയിൽ ബയണ്‍  മേല്‍ക്കൈ നേടി.

 ചാന്പ്യൻസ് ലീഗിന്റെ  ചരിത്രത്തിൽ ആദ്യമായി  ജര്‍മന്‍ ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ഫൈനല്‍ എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ടായിരുന്നു. ജര്മൻ ദേശീയ ടീമിലെ ഏകദേശമെല്ലാ കളിക്കാരേയും മൈതാനത്ത് അണിനിരത്തിയാണ് ഇരു ടീമുകളും മത്സരിക്കാൻ ഇറങ്ങിയത്‌.