സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും. അന്വേഷണത്തിന് കോടതി ഉത്തരവ്

0

കൊല്ലം: സിംഗപ്പൂരിൽ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയശേഷം യുവാവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കുണ്ടറ സ്വദേശി മനോജ് ആണ് തട്ടിപ്പിനിരയായത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോമാറ്റിക്‌സ് എന്ന സ്ഥാപനം തന്നെ കബളിപ്പിച്ചു എന്നാണ് മനോജ്‌ കോടതിയിൽ പരാതി നല്കിയത്.

സിംഗപ്പൂരില്‍ 2,000 ഡോളര്‍ ശമ്പളവും മറ്റ് സൗജന്യ സൌകര്യങ്ങളുമുള്ള ജോലി വാഗ്ദാനംചെയ്താണ് ഈ സ്ഥാപനം ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്തത്. സര്‍വീസ് ചാര്‍ജ്ജ്, വിസ, വിമാനടിക്കറ്റ് എന്നിവയ്ക്ക് മൊത്തം 2,90,000 രൂപയാണ് സ്ഥാപനം ആവശ്യപ്പെട്ടത്. ഇതില്‍ 25,000 രൂപ മുന്‍കൂര്‍ നല്‍കണമെന്നും ബാക്കി വിസ കിട്ടിയശേഷം ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നുമായിരുന്നു പറഞ്ഞത്. തൊഴില്‍ വിസയ്ക്കായി അപേക്ഷിച്ച യുവാവിനെ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചു. സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേയര്‍ ജോലിയാണ് യുവാവിന് വാഗ്ദാനം ചെയ്തത്. സ്ഥാപനത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍കൂറായി 25,000 രൂപ വിസയ്ക്കായി യുവാവ് പൂയപ്പള്ളി എസ്.ബി.ടി.യില്‍ സ്ഥാപന ഉടമയുടെ പേരില്‍ മുംബൈ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ മാറത്തക്കവിധം അയച്ചു. പിന്നീട് സ്ഥാപനം വിസയും മുന്‍കൂര്‍ അടച്ച പണവും നല്‍കിയില്ല. പിന്നീട് സ്ഥാപന ഉടമകളുമായി യാതൊരു തരത്തിലും ബന്ധപ്പെടാന്‍ കഴിയാതെവന്നതിനെ തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്.

ഇന്റർനെറ്റ്‌ അടക്കമുള്ള വാർത്താവിനിമയ ഉപാധികളുടെ ഉപയോഗം വൻതോതിൽ വർധിച്ചിട്ടും തൊഴിലന്വേഷകർ തട്ടിപ്പിനിരയാകുന്നത് ആശങ്കയുളവാക്കുന്നു.