വിമാനത്തില്‍ യാത്രക്കാരില്ല ;സില്‍ക്ക് എയര്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു

0

സിംഗപ്പൂര്‍ : കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ വര്‍ദ്ധിച്ചതോടെ കൂടുതല്‍ ലാഭക്കൊയ്ത്ത് പ്രതീക്ഷിച്ചു സര്‍വീസ് വര്‍ദ്ധിപ്പിച്ച സില്‍ക്ക് എയറിന് വന്‍ തിരിച്ചടി .മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ വരവും യാത്രക്കാര്‍ ചെലവു ചുരുക്കി ബജറ്റ് സര്‍വീസായ ടൈഗര്‍ എയര്‍ തിരഞ്ഞെടുക്കുന്നതുമാണ് സില്‍ക്ക് എയറിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്‌ .കഴിഞ്ഞ കുറെ ആഴ്ചകളായി വെള്ളി ,ശനി ,ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് 10.30-നു പുറപ്പെടേണ്ട രണ്ടാമത്തെ സില്‍ക്ക് എയര്‍ വിമാനമാണ് തുടര്‍ച്ചയായി റദ്ദാക്കുന്നത് .

യാത്രക്കാരെ ആദ്യ വിമാനത്തില്‍ കയറ്റി വിടാനുള്ള സൗകര്യം ചെയ്തിട്ടുണ്ട് എന്ന് അധികൃധര്‍ അറിയിക്കുന്നുണ്ടെങ്കിലും ട്രാന്‍സിറ്റ് സൗകര്യം ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് യാത്ര ചെയ്യുവാന്‍ എത്തുന്ന പല യാത്രക്കാരും സിംഗപ്പൂരില്‍ ഒരു ദിവസം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത് .എന്നാല്‍ എയര്‍ലൈന്‍ അവര്‍ക്ക് വേണ്ട താമസം,ആഹാരം ,സിംഗപ്പൂര്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ എന്നിവയൊക്കെ നല്‍കുന്നത് മൂലം പരാതികള്‍ ഇല്ലാതെ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .

വരും ആഴ്ചകളിലും ഈ അവസ്ഥ തുടരുമെന്നും എന്നാല്‍ സീസന്‍ സമയമായ ഡിസംബര്‍ മാസം അടുക്കുബോഴേക്കും സര്‍വീസ് പുനരാരംഭിക്കുമെന്നും സില്‍ക്ക് എയര്‍ വ്യക്തമാക്കുന്നു .സര്‍വീസുകള്‍ റദ്ദാക്കുന്ന നടപടി സില്‍ക്ക് എയര്‍ പോലുള്ള ഫൈവ് സ്റ്റാര്‍ എയര്‍ലൈന്‍സില്‍ വളരെ വിരളമാണ് .എന്നാല്‍ മുപ്പതില്‍  കുറവ് യാത്രക്കാരുമായി സര്‍വീസ് നടത്തേണ്ട സാഹചര്യം വരെ വന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയ്ക്ക് സില്‍ക്ക് എയര്‍ മുതിര്‍ന്നത് .