ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍..

0

"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"

പരശുരാമന്‍ മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്ന് ഒരു ഐതീഹ്യം ഉണ്ടെങ്കിലും ചരിത്രപരമായ തെളിവുകള്‍ ഒന്നും അതിനില്ല. സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ സംസ്ഥാനങ്ങളായി വിഭാഗിച്ച ദിനമാണ് 1956 നവംബര്‍ 1. 1947 ല്‍ സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയില്‍ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിന്‍റെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഭാരത ഗവണ്മെന്റിന്‍റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളുമായി മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിചേര്‍ത്താണ് 1956നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. കേരളം രൂപീകൃതമാവുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെയായിരുന്നു കേരളം. ഫസല്‍ അലി തലവനും സര്‍ദാര്‍ കെ.എം.പണിക്കര്‍, പണ്ഡിറ്റ്‌ ഹൃദയനാഥ്‌ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവത്കരിക്കുന്നത് 1953 ല്‍ ആണ്.

1955ല്‍ കേന്ദ്ര ഗവണ്മെന്റിനു കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരള സംസ്ഥാന രൂപീകരണത്തിനും ശുപാര്‍ശ ഉണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്ന് മാസം കഴിഞ്ഞു ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയപ്പോള്‍ തിരുവതാംകൂറിലെ ചില താലൂക്കുകളും ചെങ്കോട്ട താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ക്കപ്പെടുകയും ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കപ്പെട്ടു. തന്മൂലം കന്യാകുമാരി കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെ മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നു നടന്ന കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ നിലവില്‍ വന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കിയ കേരളം ഇനിയും മുന്നേറുവാനും മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ തലയെടുത്ത് നില്‍ക്കാനും ഇടയവേണ്ടതിനു നമുക്ക് ഒരുമിച്ചു നിന്ന്‍ പ്രയത്നിക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങള്‍ക്കും സ്നേഹത്തോടെ കേരളപ്പിറവി ആശംസിക്കുന്നു