നാട്ടില്‍ പോകാന്‍ വിമാനത്തില്‍ സീറ്റില്ല ,തിരുവനന്തപുരത്തുകാര്‍ വലയുന്നു

0

സിംഗപ്പൂര്‍ : ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടില്‍ പോകുവാനുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴുന്നു .ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിയതോടെ സിംഗപ്പൂര്‍ ,മലേഷ്യ ,ഓസ്ട്രേലിയ, തുടങ്ങിയ അനവധി രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുവാനുള്ള ഏക ആശ്രയം സില്‍ക്ക് എയര്‍ ആണ്.എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതോടെ സില്‍ക്ക് എയറിലെ സീറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്ന അവസ്ഥയിലാണ്.ഡിസംബര്‍ 10 മുതല്‍ 25 വരെയുള്ള 15 ദിവസങ്ങളില്‍ സീറ്റുകള്‍ ലഭ്യമുള്ളത് ആകെ 4 ദിവസങ്ങളില്‍ മാത്രം.സീറ്റുകള്‍ ഉള്ള ദിവസങ്ങളിലും 10-ഇല്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത് .ആഴ്ചയില്‍ 4 സര്‍വീസുകള്‍ മാത്രമാണ് ഈ രൂട്ടിലുള്ളത്,തിരക്ക് വര്‍ദ്ധിച്ചിട്ടും സര്‍വീസുകള്‍ കൂട്ടുവാന്‍ എയര്‍ലൈന്‍സ്‌ തയ്യാറാകുന്നില്ല.

 
സീറ്റുകള്‍ പരിമിതമായതോടെ സിംഗപ്പൂരില്‍ നിന്ന് ഒരു വശത്തേക്ക് മാത്രം 700 മുതല്‍ 1000 ഡോളര്‍ വരെയാണ് സില്‍ക്ക് എയര്‍ ഈടാക്കുന്നത്.ഈ റൂട്ടില്‍ മത്സരം ഇല്ലാത്തത് മൂലം യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കാനാണ് എയര്‍ലൈന്‍സ്‌ ശ്രമിക്കുന്നത് .കൂടുതല്‍ സീറ്റുകളും കുറഞ്ഞ നിരക്കുമുള്ള കൊച്ചിയിലേക്ക് യാത്ര ചെയ്ത ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ റോഡ്‌ മാര്‍ഗം എത്തിച്ചേരാന്‍ നിര്‍ബന്ധിതരാകുകയാണ് പ്രവാസി മലയാളികള്‍ .എന്നാല്‍ വളരെ ചുരുക്കം ദിവസങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവര്‍ക്ക് ട്രാന്‍സിറ്റ് മൂലം അവധിയുടെ പകുതിയോളം നഷ്ടമാകുന്ന ദുരവസ്ഥയാനുള്ളത്. കൊച്ചിയിലേക്ക് മലേഷ്യയില്‍ നിന്ന് മൂന്നും സിംഗപ്പൂരില്‍ നിന്നും രണ്ടും വീതം വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട് .മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുന്നത് ഒരുപരിധി വരെ നിരക്കുകള്‍ കുറയുന്നതിന് കാരണമായേക്കാം .