കൊച്ചി എയര്‍പോര്‍ട്ട് അത്യാധുനിക ടെര്‍മിനല്‍ വികസിതരാജ്യങ്ങള്‍ക്ക് വരെ മാതൃകയാകുന്നു

0

കൊച്ചി : കൊച്ചി എയര്‍പോര്‍ട്ട് 1000 കോടി രൂപ മുടക്കില്‍ നിര്‍മ്മിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ് .വെറും രണ്ട് വര്‍ഷം കൊണ്ടാണ് ഈ കൂറ്റന്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത് .സിംഗപ്പൂരില്‍ 2011-ഇല്‍ തുടങ്ങിയ 21ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ടെര്‍മിനല്‍ 2017/2018-ലെ പൂര്‍ത്തിയാകൂ എന്നത് കൂട്ടി വായിക്കുമ്പോഴാണ് സിയാല്‍ അത്ഭുതമാകുന്നത് .24 മാസക്കാലം അയ്യായിരത്തോളം വരുന്ന ജോലിക്കാരുടെ 24 മണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമമാണ് ഇത്രയും വേഗം ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായത് .50 ലക്ഷം ചതുരശ്രയടി വലുപ്പമുള്ള  ഡല്‍ഹി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 13000 കോടി മുടക്കിയുണ്ടാക്കിയപ്പോള്‍ അതിന്‍റെ മൂന്നിലൊന്നു വലുപ്പമുള്ള കൊച്ചി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വെറും 1000 കോടിയ്ക്ക് പൂര്‍ത്തിയാക്കുന്നു എന്നത് മറ്റൊരു വിസ്മയം .മനസ്സ് വെച്ചാല്‍ കേരളത്തിനും പലതും നേടാന്‍ സാധിക്കുമെന്ന് കാണിച്ചുതരികയാണ് സിയാല്‍ എന്ന പൊതുമേഖലാകമ്പനി .

ടെര്‍മിനല്‍ 3 അഥവാ ടി-3 എന്ന് പേരിട്ടിട്ടുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഇന്ന്  വൈകീട്ട് 5 മണിക്കാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്..ടെര്‍മിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഫ്ളൈ ഓവറിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് നിലകളിലായാണ് ടി-3യുടെ പ്രവര്‍ത്തനം. ഫ്ളൈ ഓവറിലൂടെ വാഹനങ്ങള്‍ക്ക് നേരിട്ട് മൂന്നാം നിലയിലുള്ള പുറപ്പെടല്‍ ഭാഗത്തെത്താം.
 
2014 ഫെബ്രുവരി ഒന്നിനാണ് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടി-ത്രീയ്ക്ക് തറക്കല്ലിട്ടത്. ഒരേ സമയം 4000 യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ടി3 ടെര്‍മിനല്‍  നിലവിലെ ടെര്‍മിനലിലെ തിരക്ക് ഗണ്യമായി കുറയ്ക്കും . പുതിയ ടെര്‍മിനലില്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ നിലവിലുള്ള രാജ്യാന്തര ടെര്‍മിനല്‍ പൂര്‍ണ്ണമായും ആഭ്യന്തര ടെര്‍മിനലായി മാറും.
 
ഇലക്ഷന് മുന്നോടിയായി ഉത്ഘാടനം കഴിഞ്ഞെങ്കിലും മെയ്‌ മാസത്തോടെ മാത്രമായിരിക്കും പൂര്‍ണ്ണതോതിലുള്ള ഉപയോഗതിലേക്ക് ടെര്‍മിനല്‍ മാറുകയുള്ളൂ .യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവമാകാന്‍ കൊച്ചി എയര്‍പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു .പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന നേട്ടം സിയാലിന്റെ ചിറകിലെ മറ്റൊരു പൊന്‍തൂവല്‍ കൂടെയാണ് .