ഇഷ്ടപ്പെട്ട പ്രണയ സിനിമകൾ പലതുണ്ടെങ്കിലും ’96’ മനസ്സ് കവരുന്നത് അതിലെ പ്രണയത്തിന്റെ നിഷ്കളങ്കതയും പരിശുദ്ധിയും കൊണ്ടാണ്. ആത്മാർത്ഥമായ പ്രണയങ്ങൾ തന്നെയെങ്കിലും പല കാരണങ്ങളാൽ പിരിയേണ്ടി വന്നവരും, തേച്ചിട്ടു പോയവരും, ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കണ്ട് പ്രണയ സാക്ഷാത്ക്കാരത്തിനായി വീട് വിട്ടിറങ്ങി പോയവരുമടക്കം എത്രയെത്ര വിധം പ്രണയിതാക്കളുടെ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നോർക്കണം. ഉൾക്കൊണ്ടില്ലെങ്കിലും പ്രണയത്തെ നിഷേധിക്കാനാകില്ല ഒരു സ്വാഭാവിക മനുഷ്യന് എന്നത് കൊണ്ട് തന്നെ പ്രണയം രുചിക്കാത്ത മനുഷ്യ മനസ്സുകൾ ഇല്ലെന്നു വേണം കരുതാൻ. പ്രണയം തുറന്നു പറയാതെ മനസ്സിൽ കൊണ്ട് നടന്ന് ആരുമറിയാതെ ഒളിപ്പിച്ചു വച്ച് ജീവിച്ചവരായിരിക്കാം ഒരു പക്ഷേ പ്രണയിതാക്കളിലെ ഏറ്റവും വലിയ വിഭാഗം. ഒരു പ്രണയ സിനിമ എന്നതോടൊപ്പം തന്നെ സൗഹൃദത്തിന്റെയും രണ്ടു വ്യക്തികൾ തമ്മിലുള്ള പരസ്പ്പര ധാരണകളുടെയും വിശ്വാസങ്ങളുടെയുമൊക്കെ തീവ്രത ബോധ്യപ്പെടുത്തി തരുന്ന സിനിമ എന്ന നിലക്കും ശ്രദ്ധേയമാണ് സി പ്രേം കുമാറിന്റെ ’96’. അത് കൊണ്ടെല്ലാം തന്നെ എല്ലാ വിധ പ്രേക്ഷകർക്കും ഉൾക്കൊള്ളാനും ആസ്വദിക്കാനും അതിലേറെ അനുഭവിക്കാനും സാധിക്കുന്ന മനോഹരമായ ഒരു സിനിമാവിഷ്ക്കാരം കൂടിയാണ് ’96’.

Vijay Sethupathi & Trisha Krishnan

റാം-ജാനു പ്രണയത്തെ ഫോക്കസ് ചെയ്യുമ്പോഴും സിനിമയിൽ റാമിനു ജാനുവിനോടുള്ള പ്രണയവും ജാനുവിന് റാമിനോടുള്ള പ്രണയവും രണ്ടും രണ്ടായി തന്നെ വരച്ചിടാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ജാനുവിന്റെ മുഖത്തേക്ക് ഒന്ന് നേരെ നോക്കാനുള്ള ധൈര്യം പോലും ഇല്ലാതെയാണ് റാം ജാനുവിനെ പ്രണയിക്കുന്നതെങ്കിൽ ജാനു അതിന് നേരെ വിപരീതമാണ്. തന്നെ കാണുമ്പോൾ ഹൃദയ മിടിപ്പുകൾ കൂടിക്കൂടി ബോധ രഹിതനാകുന്ന റാമിന്റെ പ്രണയത്തിന്റെ തീവ്രത ജാനുവിന് അറിയാൻ സാധിക്കുന്നെങ്കിലും ജാനുവിന് തന്നെ എത്രത്തോളം ഇഷ്ടമാണ് അല്ലെങ്കിൽ തന്നോട് സത്യത്തിൽ പ്രണയമുണ്ടോ എന്ന് പോലും സംശയിച്ചു നിക്കുകയാണ് റാം. ഒരു പരിധി വരെ റാം എന്നത് അപകർഷതാ ബോധത്തിന്റെ ആൾരൂപമാണെങ്കിൽ മറു ഭാഗത്ത് അത് അത്രയും നിഷ്ക്കളങ്കതയുടെ കൂടി രൂപമാണ്. റാമെന്ന കഥാപാത്രത്തിന്റെ നിഷ്ക്കളങ്കത അപ്പാടെ റാമിന്റെ പ്രണയത്തിലും കാണാൻ സാധിക്കും. ആ നിഷ്ക്കളങ്കത കൊണ്ട് തന്നെയാണ് നഷ്ടപ്രണയത്തെ ഇത്രമേൽ ജീവിതത്തിലുടനീളം കൊണ്ട് നടക്കാൻ റാമിന് സാധിക്കുന്നതും. ഒരു വേള ജാനുവിനെ പ്രണയിച്ചതിനേക്കാൾ കൂടുതൽ ആ നഷ്ട പ്രണയത്തെയും ഓർമ്മകളേയുമാണോ റാം പ്രണയിക്കുന്നത് എന്ന് പോലും തോന്നിപ്പോകുന്നു.

96 ബാച്ചിലെ പഴയ സ്ക്കൂൾ സഹപാഠികൾ ഒരുമിച്ച് ഒരു ദിവസം ഒത്തു കൂടാൻ തീരുമാനിക്കുന്നിടത്തു നിന്നും തുടങ്ങുന്ന ആവേശം അവർ ഒത്തു ചേർന്നു പിരിയുന്ന നേരം വരെ കാണാൻ സാധിക്കും. ഫോണും വാട്സാപ്പും സ്‌കൈപ്പും തുടങ്ങി പരസ്പ്പരം ആശയ വിനിമയത്തിനുള്ള എല്ലാ സാങ്കേതിക വിദ്യകളും ഉണ്ടായിട്ട് പോലും പഴയ സഹപാഠികൾക്ക് ഒരുമിച്ചൊരു ദിവസം കൂടണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് ബോധ്യപ്പെടുത്തി തരുന്ന സീനും കൂടിയാണത്. ഇരുപത് കൊല്ലങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനാകാതെ നിന്നു പോകുന്ന കൂട്ടുകാരനും, പഴയ സ്ക്കൂൾ പ്രായത്തിന്റെ ഓർമ്മയിൽ പെരുമാറി പോകുന്നവരും, ഒത്തു കൂടാൻ സാധിക്കാതെ പോയവരുടെ വീഡിയോ കാളുകളുമൊക്കെ അത്തരമൊരു ഒത്തു കൂടലിലെ സ്വാഭാവിക കാഴ്ചകളാണ്. റാം-ജാനു പ്രണയത്തെ കാലങ്ങൾ കഴിഞ്ഞിട്ടും ഗൗരവത്തോടെ ഓർക്കുന്ന കൂട്ടുകാർ അവരുടെ കൂടി കാഴ്ചയെ ഒരേ സമയം ആശങ്കയോടെയും കൗതുകത്തോടെയും ദൂരെ നിന്ന് നോക്കി കാണുന്നുണ്ട്. എത്ര മുതിർന്നാലും പഴയ പ്രണയത്തിന്റെ ഓർമ്മകളിൽ ഏതൊരു മനുഷ്യരും ചെറുപ്പമാകുന്നു. പ്രായ പരിധികളില്ലാതെ ഒരു മനുഷ്യനെ അവ്വിധം സ്വാധീനിക്കാനും മാറ്റാനുമൊക്കെ ഒരു പക്ഷേ പ്രണയമെന്ന വികാരത്തിന് മാത്രം സാധിക്കുന്ന ഒന്നാകാം.

Vijay Sethupathi & Trisha Krishnan

വർഷങ്ങൾക്ക് ശേഷമുള്ള റാം-ജാനു കൂടിക്കാഴ്ച അതി ഗംഭീരമായിട്ടു തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. റാമിന്റെ ഹൃദയമിടിപ്പുകളും ജാനുവിന്റെ കണ്ണുകളും ആ കൂടിക്കാഴ്ചയുടെ തീവ്രത നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. വിജയ് സേതുപതി ഈ സിനിമയിൽ മനോഹരമായി കൈകാര്യം ചെയ്ത കുറേ സീനുകളിൽ വച്ച് ഏറ്റവും ഗംഭീരമെന്നു തോന്നിപ്പിച്ച ഒരു സീൻ കൂടിയാണത്. തൃഷയെ സംബന്ധിച്ചിടത്തോളം ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയുടെ പ്രകടന മികവ് കൊണ്ട് തന്നെ ആ കഥാപാത്രം പൂർണ്ണതയിലെത്തി എന്നതിനാൽ നിർഭാഗ്യവശാൽ ഗൗരിയെ മറി കടക്കും വിധമൊരു പ്രകടന സാധ്യത ഇല്ലാതെ പോകുന്നുണ്ട്. എന്നിട്ടും തൃഷയുടെ ജാനു പ്രേക്ഷക മനസ്സിലേക്ക് കേറിപ്പോകുന്നത് ഗോവിന്ദ് മേനോന്റെ സംഗീത പിന്തുണ കൊണ്ടാണ്. പ്രണയ സാക്ഷാത്ക്കാരമല്ല നഷ്ട പ്രണയങ്ങളാണ് യഥാർത്ഥത്തിൽ പ്രണയത്തെ അനശ്വരമാക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളുണ്ട് സിനിമയിൽ. ഇരുപത് വർഷങ്ങൾക്ക് മുന്നേ കണ്ടു പിരിഞ്ഞവർ വർഷങ്ങൾക്കിപ്പുറം കിട്ടിയ ഒരൊറ്റ രാത്രി കൊണ്ട് എന്തെല്ലാം പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നു, എന്തെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തുന്നു. പരസ്പ്പരം അറിയാതെ പോയ കാര്യങ്ങൾ, തെറ്റിദ്ധാരണകൾ, വർത്തമാനകാല ജീവിത വിശേഷങ്ങൾ അങ്ങിനെ എന്തെല്ലാം വിഷയങ്ങൾ. ആ രാത്രി അവസാനിച്ചു പോകരുതേ എന്ന് റാമും ജാനുവും ആഗ്രഹിക്കുന്ന പോലെ കാണുന്നവരും ആഗ്രഹിച്ചു പോകുകയാണ്.

രാത്രി മുഴുവൻ ഒരൊറ്റ റൂമിൽ അവിവാഹിതാനായ റാമും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ജാനുവും തങ്ങളുടെ പ്രണയ ഓർമ്മകളും ചിന്തകളും പങ്കിടുമ്പോൾ അവിടെയൊന്നും പ്രണയത്തിന്റെ ബൈ പ്രോഡക്റ്റ് എന്ന നിലക്ക് ഒരു ചുംബനത്തെ പോലും കൊണ്ട് വരാതെ ആ രംഗങ്ങളെയെല്ലാം തീർത്തും രണ്ടു വ്യക്തികളുടെ നഷ്ട പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിലേറെ പരസ്പ്പര വിശ്വാസത്തിന്റെതുമാക്കി മാറ്റുന്ന സംവിധായകന്റെ നിലപാടാണ് ഈ സിനിമയിലെ പ്രണയത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത് എന്ന് പറയേണ്ടി വരും. നഷ്ടപ്രണയത്തെയോർത്ത് വിങ്ങുമ്പോഴും ഭൂതകാലത്തെ പ്രണയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാതെ യാഥാർഥ്യ ബോധത്തോടെ പെരുമാറാനും വർത്തമാന കാല ജീവിതവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോകാനുമുള്ള പക്വതയുണ്ടാകുന്നു കഥാപാത്രങ്ങൾക്ക്. നഷ്ട പ്രണയത്തിൽ അഭിരമിച്ചു ജീവിച്ചു കൊണ്ടിരിക്കുന്ന റാമാണ് ഏറ്റവുമൊടുക്കം ഇക്കാര്യത്തിൽ ഏറെ പക്വമായി പെരുമാറുന്നത് എന്നതും ശ്രദ്ധേയമാണ്. ഉറങ്ങുന്ന ജാനുവിനെ നോക്കി അവളുടെ കഴുത്തിലെ താലിയെ ബഹുമാനത്തോടെയും പ്രാർത്ഥനകളോടെയും വണങ്ങുമ്പോഴുള്ള റാമിന്റെ മുഖത്തെ സന്തോഷം തന്റെ നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ പെട്ടിയിൽ അടുക്കി വക്കുന്ന നേരത്തും അത് പോലെ തന്നെ കാണാം. എത്ര മനോഹരമായ അവതരണത്തിലൂടെയാണ് സംവിധായകൻ ആ പ്രണയ സങ്കൽപ്പത്തെ പറഞ്ഞവസാനിപ്പിക്കുന്നത് എന്ന് നോക്കൂ.

 

ആകെ മൊത്തം ടോട്ടൽ =പ്രണയിച്ച് ഒരുമിച്ചവർക്ക് ഒരായിരം പ്രണയോർമ്മകൾ സമ്മാനിക്കുന്ന സിനിമ. പ്രണയിക്കാത്തവർക്ക് പ്രണയം അനുഭവപ്പെടുത്തുന്ന സിനിമ. പ്രണയിച്ചു വേർപിരിഞ്ഞു പോയവർക്ക് നഷ്ട പ്രണയത്തിന്റെ നോവു തരുന്ന സിനിമ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഇത് എല്ലാവർക്കും കാണാവുന്ന സിനിമയാണ്. ഹൃദയം കൊണ്ട് കണ്ട് അനുഭവിച്ചറിയേണ്ട സിനിമയാണ്. പ്രണയത്തെ ഇത്ര പരിശുദ്ധമായും നിഷ്ക്കളങ്കമായും അവതരിപ്പിച്ചു കണ്ട മറ്റൊരു സിനിമ വേറെയുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം