പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിൽ നേരിട്ടത് മാനസികപീഡനം; അഭിനന്ദൻ വ‍ർദ്ധമാൻ

0

ന്യൂഡൽഹി: പാക്സ്ഥാൻ സൈന്യത്തിന്‍റെ കസ്റ്റഡിയിൽ താൻ നേരിട്ടത് ഭീകരമായ മാനസിക പീഡനമെന്ന് വെളിപ്പെടുത്തി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ശാരീരികപീഡനമല്ല പകരം മാനസിക പീഡനം ഏൽപിക്കാനാണ് പാക് സൈനികോദ്യോഗസ്ഥർ ശ്രമിച്ചത്. ശാരീരികമായ ആക്രമണങ്ങൾ പാക്കിസ്ഥാനികളിൽനിന്ന് ഉണ്ടായിട്ടില്ല. തന്നെ ആർമി ആർആർ ആശുപത്രിയിൽ സന്ദർശിച്ച വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോടാണ് പാക്കിസ്ഥാൻ കസ്റ്റഡിയിൽ അനുഭവിച്ച മാനസികപീഡങ്ങൾ അഭിനന്ദൻ പറഞ്ഞത്.

അഭിനന്ദനെ ദില്ലിയിലെ സൈനിക ആശുപത്രിയിൽ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26-ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്‍റെ വെടിയേറ്റ് അഭിനന്ദന്‍റെ മിഗ് 21 വിമാനം പാക് അധീന കശ്മീരിൽ ചെന്ന് പതിച്ചത്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. പ്രതിരോധമന്ത്രി നിർമലാ സീതാരാമനും എയർ ചീഫ് മാർഷൽ ബീരേന്ദർ സിംഗ് ധനോയും ദില്ലിയിലെ ആർമി ആർആർ ആശുപത്രിയിലെത്തി അഭിനന്ദനെ സന്ദർശിച്ചു.