മൈസൂരിനടുത്ത് വാഹനാപകടം; നാല് കണ്ണൂർ സ്വദേശികൾ മരിച്ചു

0

കൂത്തുപറമ്പ് (കണ്ണൂർ): മൈസൂരിനടുത്ത മധൂരിൽ ഇന്നലെ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് പൂക്കോട് സ്വദേശികളായ നാലുപേർ മരിച്ചു. മധുവിധു ആഘോഷിച്ച് ബാംഗ്ലൂരിൽ നിന്നും തിരിച്ചു വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

പൂക്കോട് ഏഴാംമൈൽ കനാൽക്കരയിലെ അഭയത്തിൽ കിരൺ അശോക് (31), ഭാര്യ ചൊക്ലി യു.പി സ്‌കൂൾ അദ്ധ്യാപിക ജിൻസി രാജൻ (20), പൂക്കോടിനടുത്ത കോങ്ങാറ്റയിലെ ഈക്കിലിശ്ശേരി വീട്ടിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ഇ.എം. ജയദീപ് (30), ഭാര്യ വി.ആർ. ജ്ഞാനതീർത്ഥ (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹണിമൂൺ ആഘോഷിക്കാൻ മൂന്നുദിവസം മുൻപാണ് കിരണും, ജിൻസിയും സുഹൃത്തായ ജയദീപിനും ഭാര്യയ്ക്കുമൊപ്പം ബംഗളൂരുവിലേക്ക് പോയത്.

അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. ദീർഘനേരത്തെ പരിശ്രമത്തിനു ശേഷമാണ് നാലുപേരെയും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാണ്ഡ്യയിലെ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നുരാവിലെ നാട്ടിലെത്തിക്കും. ഏഴാംമൈലിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

അശോകൻ മേലേടത്താണ് മരിച്ച കിരൺ അശോകിന്റെ പിതാവ്. മാതാവ്: ഭാർഗവി. സഹോദരൻ: കൗശൽ അശോക്. പന്ന്യന്നൂരിലെ പി. രാജനാണ് ജിൻസിയുടെ പിതാവ്. മാതാവ്: സജിത. സഹോദരങ്ങൾ: ജിബിന (അമേരിക്ക), കുക്കു. ജയദീപിന്റെ പിതാവ്: ജയപ്രകാശ്. മാതാവ്: ദീപജ. സഹോദരി: ജിൻസി പ്രകാശ്. ജ്ഞാനതീർത്ഥയുടെ പിതാവ്: വത്സരാജ്. മാതാവ്: പ്രജിത. സഹോദരൻ: അനുഗ്രഹ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.