വധശ്രമ ഗൂഢാലോചന കേസ്: ദിലീപ് ക്രൈം ബ്രാഞ്ചിനു മുന്നിൽ,ചോദ്യം ചെയ്യല്‍ തുടങ്ങി

0

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള 5 പ്രതികളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി. പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി.

പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിപിനാഥ് നിർദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാല്‍ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിര്‍ദേശിച്ചു.