സിനിമാ നടൻ ശശി കലിംഗ അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് മുഴുവൻ പേര്.

25 വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്ന ശശി കലിംഗ അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് ഇടവേളയ്ക്ക് ശേഷംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയതിയാണ്’ എന്ന സിനിമയില്‍ നായകനുമായി. ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ മുൻഷിയിലും അഭിനയിച്ചിട്ടുണ്ട്. 500-ലധികം നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരി യിലെ വീട്ടുവളപ്പിൽ നടക്കും.