നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

0

തൃശൂർ: നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ച് കോടത്. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശൂർ പോക്സോ കോടതിയുടേതാണ് വിധി. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്.

2 ദിവസം മുൻപ് തൃശൂർ അയ്യന്തോളിലെ എസ്.എൻ പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.