ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; നടന്‍ വിനായകനെ അറസ്റ്റ് ചെയ്തേക്കും

0

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയാണ് വിനായകനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. വിനായകനെതിരെ യുവതി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു.

കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-a എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് സൈബര്‍ തെളിവുകള്‍ എടുത്തു കഴിയുന്ന പക്ഷം അറസ്റ്റുണ്ടാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.