അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്ക്

0

സിമന്റ് കമ്പനികളായ എ.സി.സി., അംബുജ എന്നിവയുടെ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്കെത്തുമെന്ന് റിസർച്ച് ഏജൻസിയായ ക്രെഡിറ്റ് സൂയിസ്. നിലവിൽ 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള ഗ്രൂപ്പിന് 40,000 കോടിയുടെ അധികബാധ്യതയാണ് ഇതുവഴിയുണ്ടാവുക.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗ്രൂപ്പിന്റെ കടം കുത്തനെ കൂടി. 2016-നുശേഷം കടത്തിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വർധനയാണുണ്ടായത്. തുറമുഖം, ഹരിത ഊർജം, വൈദ്യുതിവിതരണം, വിമാനത്താവളം, റോഡ്, ഡേറ്റ സെന്റർ വ്യവസായമേഖലകളിലെ അതിവേഗ വിപുലീകരണമാണ് കടം ഉയരാൻ കാരണം.

ബാങ്കുവായ്പയെ മാത്രം ആശ്രയിക്കാതെ കടമെടുക്കാൻ മറ്റുമാർഗങ്ങളും കമ്പനി ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വായ്പാ സ്ഥാപനങ്ങളിൽനിന്നും കടപ്പത്രങ്ങൾ വഴിയും ദീർഘകാലാടിസ്ഥാനത്തിലുള്ള കടമെടുപ്പാണ് ഇത്തരത്തിൽ തരപ്പെടുത്തിയിട്ടുള്ളത്.

2022 സാമ്പത്തികവർഷം ഗ്രൂപ്പിനു കീഴിലെ മിക്ക കമ്പനികളിലും കടം ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കടബാധ്യത ഉയരുന്നതിനൊപ്പം ഗ്രൂപ്പിന്റെ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. കൂടുതൽ ആസ്തികൾ ഉത്പാദനപരമായി മാറിക്കൊണ്ടിരിക്കുന്നു.

അദാനി ഗ്രൂപ്പിന്റേത് പരിധികടന്ന കടമെടുക്കലാണെന്ന് ഫിച്ചിനു കീഴിലുള്ള റിസർച്ച് ഏജൻസിയായ ‘ക്രെഡിറ്റ് ഇൻസൈറ്റ്സ്’ അടുത്തിടെ വിലയിരുത്തിയിരുന്നു. പരിചയമില്ലാത്ത മേഖലകളിലേക്കുള്ള അതിവേഗ വൈവിധ്യവത്കരണം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ക്രെഡിറ്റ് ഇൻസൈറ്റ്സ്‌ സൂചിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.