കാറോടിച്ചത് വനിതാ ഡോക്ടർ, അമിതവേഗം, മിസ്ത്രി പിന്നിൽ; ഓവർടേക്കിനിടെ അപകടം

0

മുംബൈ∙ പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഒരു സ്ത്രീയാണ് കാർ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ (55), ഭർത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം.

പരുക്കേറ്റ അനഹിതയും ഭർത്താവും ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുംബൈയിൽനിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.