ഡൽഹിയിൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും ​രൂ​ക്ഷം

1
Delhi records 3.7 degrees C, air quality 'severe'

ഡ​ൽ​ഹി: ഡൽഹിയിൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീണ്ടും രൂക്ഷമായി. ഈ വർഷം ഇത് രണ്ടാം തവണയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കൂടാതെ ശൈത്യവും അതികഠിനമായി തുടരുകയാണ്. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ (സി​പി​സി​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഞാ​യ​റാ​ഴ്ച എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് (എ​.ക്യു.​ഐ) 471 രേ​ഖ​പ്പെ​ടു​ത്തി. മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി.​പി​.സി​.ബി നി​ർ​ദേ​ശി​ക്കു​ന്നു.
എ.​ക്യു.​ഐ 50 മു​ത​ൽ 100 വ​രെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ് സാ​ധാ​ര​ണ നി​ല​യി​ൽ മ​നു​ഷ്യ ജീ​വി​ത​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന​ത്. ഇ​ത് 450 ക​ട​ന്ന​തോ​ടെ​യാ​ണ് അ​തീ​വ രൂ​ക്ഷ​മാ​യ ഘ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ തീ ഇട്ടതി​ന്‍റെ​യും ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങളിൽ പ​ട​ക്കം വ്യാപകമായി പൊ​ട്ടി​ച്ച​തും മൂ​ലം ന​വം​ബ​ർ എ​ട്ടി​ന് (ദീപാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ) എ​ക്യു​ഐ 571 രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അതേസമയം, കാ​ലാ​വ​സ്ഥ​യി​ലു​ള്ള വ്യ​തി​യാ​ന​വും, അ​തി​ശൈ​ത്യ​വും കാ​റ്റ​ടി​ക്കു​ന്ന​ത് കു​റ​ഞ്ഞ​ത് മൂലവുമാണ് ഇ​ത്ത​വ​ണ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നത്.
നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്നും ത​ണു​പ്പ് ഇ​നി​യും കൂ​ടി​യാ​ൽ മ​ലി​നീ​ക​ര​ണ തോ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.