പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ സെക്രട്ടറി ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0

തിരുവനന്തപുരം ∙ കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. നഗരസഭ സെക്രട്ടറി കെ.ഗിരീഷ്, അസി.എന്‍ജിനീയര്‍ കെ.കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകും.

അതേസമയം, സാജന്റെ ആത്മഹത്യയ്ക്കു വഴിവച്ചത് നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമളയുടെ വ്യക്തിവിരോധമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചെങ്കിലും, ഇവർക്കെതിരെ സർക്കാർ നടപടിയില്ലെന്നു മാത്രമല്ല, വാർത്താസമ്മേളനത്തിൽ മന്ത്രി മൊയ്തീൻ ശ്യാമളയെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തു.

സാജന്റെ കെട്ടിടത്തിനു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായോ എന്ന് നഗരവകുപ്പ് റീജിജിയണല്‍ ഡയറക്ടറും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് സിടിപി വിജിലന്‍സിന്റെ നേതൃത്വത്തിലും അന്വേഷിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ണൂർ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ പാറയിൽ സാജൻ (49) ആണ് ചൊവ്വാഴ്ച പുലർച്ചെ വീടിന്റെ മുകൾ നിലയിൽ ആത്മഹത്യ ചെയ്തത്. സാജന്റെ ആത്മഹത്യ വിവാദമാവുകയും നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥവീഴ്‌ച കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.