എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സിക്ക് വിടുക

0

വഖഫ് ബോർഡിലേക്കുള്ള നിയമനം പി എസ് സി ക്ക് വിട്ട് ധീരത കാണിച്ച സർക്കാർ ‘നടപടി അഭിനന്ദനാർഹം തന്നെ. ഇടത് വന്നാലും വലത് വന്നാലും വഖഫിലേക്കുള്ള നിയമനം ചിലരുടെ കൈകളിൽ തന്നെയായിരുന്നു. മതത്തിൻ്റെ പേരിലാണ് ഇവിടെ രഹസ്യമായി നിയമന വ്യാപാരം നടക്കുന്നത്, കോഴയും അഴിമതിയും, സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. പി എസ് സി നിയമനം വഴി ഇതിന് തടയിടാൻ കഴിഞ്ഞാൽ വലിയ കാര്യം തന്നെ.

എന്നാൽ നിയമന കാര്യത്തിൽ വലിയ കൊള്ള നടക്കുന്ന മറ്റു ചില മേഖലകൾ കൂടിയുണ്ട്. വഖഫ് ബോർഡിലെ നിയമനം പി എസ് സി ക്ക് വിട്ടതിലെ ഉദ്ദേശ ശുദ്ധിയിൽ സംശയിക്കാതിരിക്കാൻ ഇത്തരം നിയമനങ്ങളുടെ കാര്യത്തിലും ചില കണിഞ്ഞാണുകൾ ഇടാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള നിയമനങ്ങൾ ‘ സ്വകാര്യ മാനേജ്മെൻറുകൾ തോന്നിയ രീതിയിൽ ലക്ഷങ്ങൾ നിയമനത്തിന് കോഴ വാങ്ങിക്കൊണ്ടിരിക്കുന്നത് അറിയാത്തവർ ആരുമില്ല. മാറി മാറി വരുന്ന സർക്കാറുകൾ ഇതിനെതിരെ ചെറുവിരൽ അനക്കാൻ ധൈര്യം കാണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിലെ പ്രധാന ശക്തികൾ ജാതി മത സംഘടനകൾ തന്നെയാണ്.

എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള നിയമനങ്ങളിൽ മെറിറ്റ് ഒരിക്കൽ പോലും മാനദണ്ഡമായി വരാറില്ല എന്നത് പകൽ പോലെ വ്യക്തമായ വസ്തുതയാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങളിൽ മടിശ്ശീലയുടെ കനം തന്നെയാണ് പ്രധാന മാനദണ്ഡം ‘ ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം നൽകുമ്പോഴാണ് നിയമനം പൂർണ്ണമായും മാനേജർമാരുടെ കൈകളിൽ നിക്ഷിപ്തമായിരിക്കുന്നത് എന്നുള്ളത് പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതാണ്. അർഹതയുടെ മാനദണ്ഡം കോഴ തന്നെയാണെന്ന് ഇവിടെ സർക്കാർ പരസ്യമായി സമ്മതിക്കുക തന്നെയാണ് ചെയ്യുന്നത്.

അഴിമതി വഖഫ് ബോർഡിൽ മാത്രം അവസാനിപ്പിച്ചത് കൊണ്ട് കാര്യമില്ല. അത് ഏറ്റവും ആദ്യം അവസാനിപ്പിക്കേണ്ടത് വിദ്യാഭ്യാസ മേഖലയിൽ തന്നെയായിരിക്കണം. അതിനാൽ ഉദ്ദേശ ശുദ്ധിയുള്ള സർക്കാറാണെങ്കിൽ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം അനിവാര്യമാണ്. ഏറ്റവും അടുത്ത അവസരത്തിൽ തന്നെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി എസ് സി ക്ക് വിടാനുള്ള തീരുമാനം എടുക്കാനുള്ള ആർജ്ജവവും ധീരതയും പ്രകടിപ്പിക്കേണ്ടതുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും നിയമങ്ങളിലും അതിനാവശ്യമായ ഭേദഗതികൾ വരുത്തി കുറ്റമറ്റ രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഇനിയും വൈകുന്നത് ശരിയല്ല.