ബാങ്കോക്കിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അപ്പുണ്ണി

0

ചേർത്തല: ഇന്‍റർനാഷണൽ ഫാഷൻ ഷോ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് തായ്‌ലൻഡിൽ പോകാൻ യോഗ്യത നേടിയിരിക്കുകയാണ് ഏഴ് വയസുകാരൻ അപ്പുണ്ണി. ആലപ്പുഴ വളവനാട് വിജയ നിവാസിൽ കണ്ണനുണ്ണിയുടെയും അനുവിന്‍റെയും മകനായ അപ്പുണ്ണി ഏഴാം വയസ്സിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റുരച്ച പ്രതിഭകളോട് മൂന്നു ദിവസം ഇഞ്ചോടിഞ്ച് പൊരുതി സെക്കണ്ട് റണ്ണറപ്പായി വിജയം നേടിയാണ് അപ്പുണ്ണി തായ്‌ലൻഡിൽ നടക്കുന്ന ഫാഷൻ റൺവേയുടെ ഇന്‍റർനാഷണൽ മത്സരത്തിൽ ആറു മുതൽ എട്ടു വയസ് വരെയുള്ള വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടിയത്.

ചേർത്തല പട്ടണക്കാട് പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ അപ്പുണ്ണി മൂന്നര വയസ് മുതൽ മിമിക്രി കലാകാരനാണ്. ഫ്ളവേർസ് ടിവി കോമഡി ഉത്സവം പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മിമിക്രി കലാകാരനെന്ന റെക്കോർഡ് നേടുമ്പോൾ നാല് വയസായിരുന്നു. മഴവിൽ മനോരമയിലെ ബംബർ ചിരി ആഘോഷത്തിലും കോമഡി സ്‌കിറ്റുകൾ ചെയ്തിട്ടുണ്ട്. ഒട്ടേറെ ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രൊഫഷണൽ വേദികളിലും തിളങ്ങിയിട്ടുണ്ട് അപ്പുണ്ണി.