സമയമായില്ലാ പോലും…

0

ഇന്നലെ ലക്നൗവിൽ ജി.എസ്.ടി. കൗൺസിൽ യോഗം ചേരുകയുണ്ടായി. കോവിഡ് മഹാമാരി വന്നതിന് ശേഷമുള്ള ആദ്യ യോഗം ‘ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമനും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ പ്രധാന അജണ്ട പെട്രോളിയം ഉല്പന്നങ്ങളായ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ നികുതി ജി.എസ്.ടി പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടോ എന്നതായിരുന്നു. അങ്ങിനെ ഒരു തീരുമാനമായിരുന്നു പൊതു ജനം പ്രതീക്ഷിച്ചിരുന്നത്. റോക്കറ്റ് വേഗതയിൽ കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനയിൽ നിന്ന് ഒരു പരിധി വരെയെങ്കിലും രക്ഷ നേടാൻ അത്തരമൊരു തീരുമാനം സഹായകരമായിത്തീരുമായിരുന്നു” എന്നാൽ ജനോപകാരപ്രദമായ തീരുമാനം എടുക്കാൻ സമയമായിട്ടില്ല എന്നാണ് പൊതുവിൽ ഉയർന്നു വന്ന അഭിപ്രായം.

സംസ്ഥാന ധനമന്ത്രിമാർ അവരുടെ കൊടിയുടെ നിറം നോക്കാതെ തന്നെ ഈ കാര്യത്തിൽ ഒന്നിച്ച് നിൽക്കുന്ന കാഴ്ചയ്ക്കാണ് ഈ യോഗം സാക്ഷ്യം വഹിച്ചത്. ജനങ്ങളെ കൊള്ളയടിക്കാനുള്ള അവരുടെ അവസരത്തെ നിഷേധിക്കാൻ അത് ഇടയാക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ധനനഷ്ടം എന്ന വാദമുഖം അവർ മുന്നോട്ട് വെയ്ക്കാനുള്ള പ്രധാന കാരണം.

ജനഹിതത്തിന് വിരുദ്ധമായി, പ്രത്യയശാസ്ത്രവും പതാകയും മറന്ന് അവർ ഒറ്റക്കെട്ടായി, ഒരേ തൂവൽ പക്ഷികളായിത്തീരുകയാണുണ്ടായത്. ഒരു കോറസ്സിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അവർ ജനങ്ങൾക്കെതിരെ ഒന്നിച്ച് പാടുകയാണ് – “സമയമായില്ലാ പോലും ” നിർമലാ സീതാരാമൻ മുതൽ കെ.എൻ. ബാലഗോപാൽ വരെയുള്ളവരുടെ ശബ്ദം നമുക്ക് സംഗീതം പോലെ തന്നെ ആസ്വദിക്കാം. ഇവരുടെ പതാകകളെല്ലാം ചേർത്തു വെച്ച് കൊണ്ട് പാവം ജനതയ്ക്ക് കൊടിയേറ്റം ഗോപിയുടെ ശൈലിയിൽ പ്രതികരിക്കാം – എന്തൊരു ഭംഗിയാണ് എന്ന് അല്ലെങ്കിൽ വിധേയനിലെ തൊമ്മിയെ പോലെ പട്ടേലരുടെ അത്തറിൻ്റെ സുഗന്ധം എത്ര ഹൃദ്യമെന്ന് ആശ്വസിക്കാം.