ന്യൂ മെക്‌സിക്കോയിൽ വെടിവയ്പ്പ്: നാലു മരണം, 2 ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

0

ന്യൂ മെക്‌സിക്കോ: വടക്കുപടിഞ്ഞാറൻ ന്യൂ മെക്‌സിക്കോയിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ പ്രതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ഫാർമിംഗ്ടണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു ഫാമിംഗ്ടൺ പൊലീസ് ഓഫീസറും ഒരു ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് ഓഫീസറുമാണ് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വെടിവെച്ചുവെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) യുടെ ഫീനിക്സ് ഡിവിഷൻ എന്നിവർ വെടിവയ്പ്പിനെകുറിച്ചു അന്വേഷിക്കുന്നു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. നഗരത്തിന്റെയും കൗണ്ടിയുടെയും അന്വേഷണ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം പറഞ്ഞു.

‘തോക്ക് അക്രമം നമ്മുടെ സംസ്ഥാനത്തും നമ്മുടെ രാജ്യത്തും ഓരോ ദിവസവും ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് പുതിയ സംഭവം. തോക്ക് അക്രമത്തിന്റെ പകർച്ചവ്യാധിക്കെതിരെ പോരാടുന്നത് ഈ ഭരണകൂടം അവസാനിപ്പിക്കില്ല’– ഗവർണർ വ്യക്തമാക്കി.

കൊളറാഡോ സ്റ്റേറ്റ് ലൈനിന് തെക്ക് വടക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോയിലുള്ള ഫാർമിംഗ്ടണിൽ ഏകദേശം 46,400 ആളുകൾ താമസിക്കുന്നു. ഇത് അൽബുക്കർക്കിയിൽ നിന്ന് ഏകദേശം 150 മൈൽ വടക്ക് പടിഞ്ഞാറാണ്.