ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; കലാഭവൻ സോബിക്കെതിരെ കേസ്

0

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. മരണം അപകടത്തെ തുടര്‍ന്നാണെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. മനപൂർവമല്ലാത്ത നരഹത്യക്കാണ് അർജുനെ പ്രതിയാക്കിയത്. തെറ്റായ വിവരങ്ങൾ നൽകിയതിനു കലാഭവൻ സോബിക്കെതിരെയും കേസെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി സിബിഐ132 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 100 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമര്‍പിച്ചത്.

അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണു ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.

സിബിഐ കണ്ടെത്തലിൽ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാൽ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ വേണ്ടിവന്നാൽ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്കറും ഭാഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.