മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം

0

ഇന്ത്യയുടെ കൊറോണ പോരാട്ടത്തിൽ പുതിയൊരു നാഴികകല്ലുകൂടി. ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി.

900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും. രാജ്യത്തെ ഒൻപത് നഗരങ്ങളിലാണ് പരീക്ഷണം നടത്തുകയെന്നാണ് വിവരം. കോവിഷീൽഡ് സ്വീകരിച്ച 2,500 പേരിലും കൊവാക്‌സിൻ സ്വീകരിച്ച 2,500 പേരിലൂമാണ് വാക്‌സിൻ പരീക്ഷിക്കുക.
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽകുക. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകുന്നതോടെ മാർച്ച് മാസത്തിൽ രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ ബൂസ്റ്റർ വാക്‌സിൻ അവതരിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

അതിനിടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി നൽകുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും എന്ന വാർത്തയും പുറത്തുവരുന്നുണ്ട് . നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും കരുതൽ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നല്‍കുന്നത് തുടരും. എന്നാൽ ഇതിന് പുറമെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് തല്‍ക്കാലം നൽകില്ല എന്നാണ് സൂചന. എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ഉപദേശം തേടി.